
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളേജ് പോലീസ്. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശികളായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞ് മർദനത്തിനിരയായാണ് മരിച്ചതെന്ന അന്വേഷണ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനായിരുന്നു സംഭവം. രാത്രി വിളിച്ചിട്ടും പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് കുഞ്ഞിനെ രക്ഷിതാക്കൾ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ സംശയം തോന്നിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കിടെ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മ നൽകിയ മൊഴി നിർണായകമായി. ഭർത്താവ് കുഞ്ഞിനെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജന പോലീസിനോടും മജിസ്ട്രേറ്റിനോടും വെളിപ്പെടുത്തിയതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പ്രതികളാക്കി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കുഞ്ഞിനെ മർദിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മർദനവിവരം മറച്ചുവെച്ചെന്ന കുറ്റമാണ് മാതാവിനെതിരെ ചുമത്തിയിരിക്കുന്നത്.
വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.










